ചങ്ങനാശേരി: നഗരത്തിലെ ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഇന്നു രാവിലെ മുതല്‍ താത്കാലികമായി പ്രവർ ത്തിക്കും. തിരുവല്ല ഭാഗത്തുനിന്നു വരുന്ന ബസുകള്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പ്രവേശിച്ച് യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്തശേഷം കോട്ടയത്തേക്കു പോകും. നേരത്തേയുള്ള വേ ഔട്ടിലൂടെ പ്രവേശിച്ച് വേ ഇന്നിലൂടെ ബസുകള്‍ പുറത്തിറങ്ങും.
വിനു ജോബ് എംഎല്‍എ, കെഎസ്ആര്‍ടിസി അധികൃതരും നിര്‍മാണ കരാറുകാരും പോലീസുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഒരാഴ്ചക്കാലം ബസ് സ്റ്റാന്‍ഡ് തുറന്ന് ബസുകള്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനുള്ള ക്രമീകരണങ്ങള്‍ ഡിപ്പോയില്‍ ഏര്‍പ്പെടുത്തിയതായി ഡിപ്പോ അധികൃതര്‍ പറഞ്ഞു.
കോട്ടയത്തുനിന്നു തിരുവല്ല ഭാഗത്തേക്കു പോകുന്ന കെഎസ്ആര്‍ടിസി ബസുകള്‍ നിലവിലുള്ളതുപോലെ തന്നെ മുനിസിപ്പല്‍ ഓഫീസിനുമുമ്പിലുള്ള സ്റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്തു യാത്ര തുടരണം.
മുണ്ടക്കയം, കാവാലം-കൃഷ്ണപുരം ബസുകള്‍ പതിവുപോലെ പെരുന്നയില്‍നിന്നും ആരംഭിക്കും.
ഓണത്തിനുശേഷം തിരുവല്ല ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്കു പോകുന്ന ബസുകള്‍ പഴയരീതിയില്‍ ബസ് സ്റ്റാന്‍ഡിനു മുമ്പില്‍ നിര്‍ത്തി പോകണം.
ഡിസംബര്‍ ഒന്നിന് ഉദ്ഘാടനം നടത്താനുള്ള തീരുമാനത്തിലാണ് ബസ് സ്റ്റാന്‍ഡ് നിര്‍മാണം പുരോഗമിക്കുന്നത്.